Search form

മത്തായി 10

10. അദ്ധ്യായം.

അപ്പൊസ്തലന്മാർ അധികാരത്തോടെ

1അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും ഒരുമിച്ചു വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാൻ അവർക്ക് അധികാരം കൊടുത്തു.

2പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, 3അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, 4തദ്ദായി, എരുവുകാരനായ ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.

അപ്പൊസ്തലന്മാരുടെ ദൗത്യം

5ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും 6യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. 7നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ. 8രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൌജന്യമായി കൊടുക്കുവിൻ. 9പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും, 10വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് യോഗ്യനത്രെ. 11ഏത് പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്റെ അടുക്കൽത്തന്നെ പാർപ്പിൻ. 12ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ. 13വീടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്ക് മടങ്ങിപ്പോരട്ടെ; 14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുവിൻ. 15ന്യായവിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന് സഹിക്കുവാൻകഴിയും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ

16ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ. 17മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊള്ളുവിൻ; കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും തങ്ങളുടെ പള്ളികളിൽവെച്ച് ചാട്ടകൊണ്ട് അടിക്കുകയും ചെയ്യും 18എന്റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. 19എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും. 20പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്റെ പരിശുദ്ധാത്മാവത്രേ പറയുന്നത്. 21സഹോദരൻ തന്റെ സഹോദരനെയും അപ്പൻ തന്റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും. 22എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിയ്ക്കപ്പെടും. 23ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

ശിഷ്യൻ ഗുരുവിനെപ്പോലെ

24ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല; 25ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? 26അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല. 27ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽനിന്ന് ഘോഷിപ്പിൻ.

ആരെ ഭയപ്പെടണം

28ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. 29ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തു വീഴുകയില്ല. 30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. 31ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ.

ക്രിസ്തുവിനെ ഏറ്റുപറയുക

32അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും. 33മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.

ക്രിസ്തുവിന്റെ പക്ഷം ചേരുക

34ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. 35മനുഷ്യനെ തന്റെ അപ്പനോടും മകളെ തന്റെ അമ്മയോടും മരുമകളെ തന്റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്. 36മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ ആയിരിക്കും. 37എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല. 38തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല. 39തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.

കൈക്കൊള്ളുന്നവന് ലഭിക്കുന്ന പ്രതിഫലം

40നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. 41പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്റെ പ്രതിഫലം ലഭിക്കും. 42ശിഷ്യൻ എന്നു വെച്ച് ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

മലയാളം ബൈബിള്‍

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.

More Info | Version Index